ആർത്തിരമ്പി നിൽക്കുന്ന അറബിക്കടലിനോട് ചേർന്നുള്ള എറണാകുളം കായലിന് അഭിമുഖമായി നിൽക്കുന്ന ക്ഷേത്രം. കലിതുള്ളി നിൽക്കുന്ന കടലിൻറെ തിരയിളക്കം കണ്ട് കരയെയും കടലിനെയും സാക്ഷിയാക്കി ആശ്രിതർക്ക് ദർശനമരുളുന്ന എറണാകുളത്തപ്പൻ...ചുറ്റുമുള്ള നഗരാന്തരീക്ഷത്തിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ പ്രകൃതി പോലും വിഭിന്നമായി തോന്നിക്കുന്ന ഇടം...ഇത് രാജഭരണകാലത്തെ ഓർമ്മപ്പെടുത്തുന്ന പ്രൗഢമാർന്നൊരിടം തിരുവെറണാകുളത്തപ്പൻ ക്ഷേത്രം. ഒരിക്കൽ വന്നാൽ വീണ്ടും വരുവാൻ തോന്നിപ്പിക്കുന്ന അന്തരീക്ഷവും അതിശയങ്ങളുമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൻറെ വിശേഷങ്ങളിലേക്ക്.
എറണാകുളം എന്നു പറയുമ്പോൾ ഇവിടുത്തുകാർക്ക് ആദ്യം ഓർമ്മ വരിക എറണാകുളത്തപ്പനെ തന്നെയാണ്. കൊച്ചി കായലിനെ നോക്കി നിൽക്കുന്ന എണണാകുളത്തപ്പനെ മറന്നൊരു ദിനം ഇവർക്കില്ല. ശിവനെ തമിഴിൽ ഇറയനാർ എന്നാണ് പറയുന്നത് ഇറയനാറിൻറെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന കുളം ഇറയനാർ കുളവും ആ സ്ഥലം കാലക്രമേണ എറനാകുളവുമായി മാറുകയായിരുന്നു.കൊച്ചി ദർഹാർ ഹാളിനു സമീപത്തായാണ് എറണാകുളത്തപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. 1846 ലാണ് ഈ ക്ഷേത്രം നിർമ്മിക്കുന്നത്. ഉഡുപ്പി മാധവ സമ്പ്രദായത്തിൽ നിർമ്മിച്ചിരിക്കുന്ന ഹനുമാൻ ക്ഷേത്രം ഇവിടുത്തെ മറ്റൊരു ആകർഷണമാണ്.
എറണാകുളം ക്ഷേത്രം വാസ്തവത്തിൽ മൂന്ന് ക്ഷേത്രങ്ങളടങ്ങിയ ഒരു ക്ഷേത്രസമുച്ചയമാണ്. ഏറ്റവും പ്രധാനപ്പെട്ടതായ ശിവക്ഷേത്രത്തിന് സമീപം കന്നഡശൈലിയിലുള്ള ഹനുമാൻ ക്ഷേത്രവും തമിഴ് ശൈലിയിലുള്ള സുബ്രഹ്മണ്യക്ഷേത്രവും സ്ഥിതി ചെയ്യുന്നു. എങ്കിലും മൂന്ന് ക്ഷേത്രങ്ങളും സ്വതന്ത്രമായിത്തന്നെ നിലനിന്നുപോരുന്നു. മകരമാസത്തിലെ തിരുവാതിര നാളിൽ ആറാട്ടായി എട്ടുദിവസത്തെ കൊടിയേറ്റുത്സവം, കുംഭമാസത്തിലെ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൊച്ചിൻ ദേവസ്വം ബോർഡിൻറെ കീഴിലാണ് ക്ഷേത്രഭരണം.
ദ്വാപരയുഗത്തിൽ കുലമുനി എന്നുപേരായ ഒരു മുനി ഹിമാലയത്തിൽ തപസ്സനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന് ദേവലൻ എന്ന പേരിൽ ഒരു ശിഷ്യനുണ്ടായിരുന്നു. ഒരിക്കൽ കുലുമുനി നടത്താൻ നിശ്ചയിച്ച ഹോമത്തിന് പൂജാദ്രവ്യങ്ങൾ ശേഖരിക്കാൻ ദേവലനും സഹപാഠികളും കൂടി കാട്ടിലേക്കുപോയി. പോകുന്ന വഴിക്കുവച്ച് അവർ ഒരു പാമ്പിനെ കണ്ടു. അതിനെ കണ്ടപ്പോൾത്തന്നെ മറ്റു ശിഷ്യന്മാരെല്ലാം പേടിച്ച് ഓടിപ്പോയി ചെടികൾക്കിടയിൽ മറഞ്ഞിരുന്നു. എന്നാൽ ദേവലനാകട്ടെ അടുത്തുകണ്ട ഒരു കാട്ടുവള്ളി കണ്ട് അതുകൊണ്ട് കുരുക്കിട്ടുപിടിച്ച് പാമ്പിനെ കൊന്നു. സഹപാഠികളിൽ നിന്ന് വിവരമറിഞ്ഞ കുലുമുനി ദേവലനെ ശപിച്ചു: 'പാമ്പിനെ കൊന്ന നീ പാമ്പിൻറെ തലയും മനുഷ്യൻറെ ഉടലുമുള്ള ഭീകരജീവിയായി മാറട്ടെ'. ഇതുകേട്ട ദേവലൻ ശാപമോക്ഷം അഭ്യർത്ഥിച്ചപ്പോൾ ശാന്തനായ കുലുമുനി അവന് ശാപമോക്ഷം കൊടുത്തു: "ഇവിടെനിന്ന് കിഴക്ക് ദിക്കിലായി ഇലഞ്ഞിമരച്ചുവട്ടിൽ നാഗം പൂജ നടത്തിക്കൊണ്ടിരിക്കുന്ന ഒരു ശിവലിംഗമുണ്ട്. ഈ വിഗ്രഹം പൂജ നടത്തുവാനായി നീ വാങ്ങി ദക്ഷിണദിക്കിലേക്ക് പോകുക. ഒരു സ്ഥലത്ത് വച്ച് നീ പൂജ ചെയ്യുമ്പോൾ ആ വിഗ്രഹം അവിടെ ഉറച്ചുപോകും. അവിടെ വച്ച് നീ ശാപമോചിതനാകും." ശാപം കാരണം ദേവലൻ നാഗർഷി എന്നുപേരായ ഒരു നാഗമായി മാറി. നാഗർഷി ശിവലിംഗവുമായി ദക്ഷിണദിക്കിലേക്ക് യാത്രയായി. യാത്രക്കിടയിൽ ഒരുപാട് സ്ഥലങ്ങൾ നാഗർഷി സന്ദർശിച്ചു. എറണാകുളത്തെത്തിയപ്പോൾ നാഗർഷി വൃക്ഷത്തണലിൽ വിഗ്രഹത്തെ വച്ചിട്ട് അടുത്തുള്ള കുളത്തിലിറങ്ങി കുളിച്ച് വന്ന് പൂജ ചെയ്തു. രാവിലെ കുളക്കടവിൽ കുളിക്കാൻ എത്തിയവർ ഒരു ഭീകരജീവി നടത്തുന്ന പൂജ കണ്ട് ഭയന്ന് ആളുകളെ വിളിച്ചുകൂട്ടി. അവരെത്തി നാഗർഷിയെ ഉപദ്രവിക്കുവാൻ തുടങ്ങിയതോടെ ശിവലിംഗവുമായി രക്ഷപ്പെടാൻ ശ്രമിച്ച നാഗർഷിക്ക് ശിവലിംഗം അവിടെ ഉറച്ചിരിക്കുന്നതായി കണ്ടു. ശിവലിംഗത്തിന് മുന്നിൽ സാഷ്ടാംഗപ്രണാമം നടത്തി നാഗർഷി ശാപമോചിതനായി. കുളികഴിഞ്ഞുവന്ന നാട്ടുകാർ ദേശാധിപനായ തൂശത്തുകൈമളെ ഈ വിവരം അറിയിക്കുകയും ശിവലിംഗം ഇരുന്ന സ്ഥാനത്ത് ഒരു ക്ഷേത്രം പണിയിക്കുകയും ചെയ്തു. ആ ക്ഷേത്രമാണ് ഇന്ന് പ്രസിദ്ധമായ എറണാകുളം മഹാശിവക്ഷേത്രം.
ക്ഷേത്രത്തിൻറെ രണ്ടുഭാഗത്തും ഗോപുരങ്ങളുണ്ട്. കായലിനോടുചേർന്ന് മറൈൻ ഡ്രൈവ് റോഡ് കടന്നുപോകുന്നു. റോഡിൻറെ കിഴക്കുഭാഗത്ത് ക്ഷേത്രത്തിൻറെ പേരെഴുതിയ മനോഹരമായ കവാടം കാണാം. റോഡിൽ നിന്ന് ക്ഷേത്രഗോപുരം വരെ ഏകദേശം നൂറുമീറ്റർ ദൂരം കാണും. ക്ഷേത്രകവാടത്തിനകത്താണ് വാഹന പാർക്കിങ്ങ്. ഇരുനിലകളോടുകൂടിയ പടിഞ്ഞാറേ ഗോപുരം വലിയ അലങ്കാരപ്പണികളൊന്നുമില്ലെങ്കിലും ഗാംഭീര്യത്തോടെ നിലകൊള്ളുന്നു. പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തുകടന്ന് ആദ്യമെത്തുന്നത് ആനക്കൊട്ടിലിലാണ്. സാമാന്യം വലിപ്പമുള്ള ആനക്കൊട്ടിലാണിത്. അഞ്ചാനകളെ വച്ച് എഴുന്നള്ളി ക്കാം. ആനക്കൊട്ടിലിനപ്പുറത്താണ് ഭഗവാൻറെ വാഹനമായ നന്ദിയെ ശിരസ്സിലേറ്റുന്ന സ്വർണ്ണക്കൊടിമരമുള്ളത്. ഏകദേശം എഴുപതടി ഉയരം വരുന്ന ഈ കൊടിമരം പ്രതിഷ്ഠിച്ചിട്ട് അധികകാലമായിട്ടില്ല. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുരയാണ്. ക്ഷേത്രത്തിലെ വലിയ ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു സാമാന്യം. വലിപ്പമുള്ള ബലിക്കല്ലാണ് ഇവിടെയുള്ളത്. എന്നാൽ പുറത്തുനിന്നുള്ള ദർശനത്തിന് അത് തടസ്സമല്ല. ബലിക്കൽപ്പുരയുടെ മച്ചിൽ പതിവുപോലെ ബ്രഹ്മാവിൻറെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്
വടക്കുകിഴക്കേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ പടിഞ്ഞാറോട്ട് ദർശനമായി അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. മുഖപ്പോടുകൂടിയ ശ്രീകോവിലാണിത്. അയ്യപ്പൻറെ വിഗ്രഹം സാധാരണപോലെത്തന്നെ. ഇവിടെനിന്ന് ഒരല്പം മാറിയാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠയും. നാഗരാജാവായി വാസുകിയും കൂടെ നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയുമടങ്ങുന്നതാണ് പ്രതിഷ്ഠ.
ക്ഷേത്രമതിലകത്തിന് പുറത്ത് വടക്കുകിഴക്കുഭാഗത്താണ് ഐതിഹ്യപ്രസിദ്ധമായ ക്ഷേത്രക്കുളം. 'ഋഷിനാഗക്കുളം' എന്നറിയപ്പെടുന്ന ഈ ക്ഷേത്രക്കുളത്തിലാണത്രേ പൂജക്കുമുമ്പ് നാഗർഷി കുളിച്ചത്. അതാണ് ഈ പേരിൻറെ കാരണമെന്ന് പറയപ്പെടുന്നു. ഈ കുളത്തിൽ തന്നെയാണ് ഉത്സവാവസാനം ഭഗവാൻറെ ആറാട്ടു നടക്കുന്നത്. ക്ഷേത്രത്തിൻറെ കിഴക്കേനടയിലെ വാതിൽ അടച്ചിട്ടിരിക്കുകയാണ്. ആദിയിൽ കിഴക്കോട്ട് ദർശനമായിരുന്നു ഭഗവാൻ എന്നതിൻറെ സൂചനകൾ ചിലത് കാണിച്ചുതരുന്നുണ്ട് ഈ വാതിൽ. അത്യുഗ്രമൂർത്തിയായ ഭഗവാൻറെ കോപം കാരണം കിഴക്കുഭാഗത്ത് അഗ്നിബാധ പതിവായപ്പോൾ വില്വമംഗലം സ്വാമിയാർ ഭഗവാൻറെ ദർശനം പടിഞ്ഞാറോട്ട് തിരിക്കുകയായിരുന്നു എന്നാണ് കഥ. എന്നാൽ, ഭഗവാനോടൊപ്പം കുടികൊള്ളുന്ന പാർവ്വതീദേവി ഇന്നും കിഴക്കോട്ട് ദർശനമായിത്തന്നെ കുടികൊള്ളുന്നു.
ക്ഷേത്രമതിലിന് പുറത്ത് വടക്കുഭാഗത്ത് എറണാകുളത്തപ്പൻ ഹാളിൻറെ തൊട്ടടുത്തായി തമിഴ്നാട് ശൈലിയിൽ നിർമ്മിക്കപ്പെട്ട മറ്റൊരു ക്ഷേത്രം കാണാം. വള്ളീ-ദേവയാനീസമേതനായ സുബ്രഹ്മണ്യസ്വാമിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കൊച്ചിയിലെ തമിഴ് ബ്രാഹ്മണസമൂഹത്തിൻറെ അഭ്യർത്ഥന മാനിച്ച് തമിഴ് ബ്രാഹ്മണനായിരുന്ന കൊച്ചി ദിവാൻ വെങ്കടസ്വാമിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. നിർമ്മാണശൈലിയിലും പൂജാവിധികളിലുമെല്ലാം തമിഴ് സ്വാധീനം പുലർത്തുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ സുബ്രഹ്മണ്യസ്വാമി കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഗണപതി, ദക്ഷിണാമൂർത്തി, മഹാവിഷ്ണു, ദുർഗ്ഗാദേവി എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. എറണാകുളത്തപ്പൻ ക്ഷേത്രത്തിനടുത്താണ് സ്ഥിതിചെയ്യുന്നതെങ്കിലും അതുമായി എടുത്തുപറയത്തക്ക ബന്ധമൊന്നും ഈ ക്ഷേത്രത്തിനില്ല.
കിഴക്കേ ഗോപുരത്തിന് പുറത്ത് വടക്കുഭാഗത്തായി കർണാടക ശൈലിയിൽ നിർമ്മിക്കപ്പെട്ട മറ്റൊരു ചെറുക്ഷേത്രം കാണാം. ശ്രീഹനുമാൻ സ്വാമിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്രത്തോടുചേർന്ന് ഒരു അരയാൽ മരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിൻറെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടിയിരിക്കുന്നു. അതായത് അരയാൽ ത്രിമൂർത്തീസ്വരൂപമാകുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു. ഹനുമാൻ ക്ഷേത്രത്തിനും സുബ്രഹ്മണ്യക്ഷേത്രത്തിൻറെ പഴക്കമേയുള്ളൂ. ഇതാകട്ടെ, എറണാകുളത്തെ തുളു മാധ്വബ്രാഹ്മണരുടെ ആഗ്രഹമനുസരിച്ച് അവരിലൊരാളായിരുന്ന കൊച്ചി ദിവാൻ വെങ്കട്ടറാവു പണികഴിപ്പിച്ചതാണ്. കന്നഡ മാധ്വസമ്പ്രദായമനുസരിച്ചാണ് ഇവിടെ പൂജകൾ നടക്കുന്നത്. ഇത്തരത്തിൽ പൂജകൾ നടക്കുന്ന ക്ഷേത്രങ്ങളിൽ ശ്രീകൃഷ്ണൻ മുഖ്യപ്രതിഷ്ഠയായി വരാത്ത അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. പ്രധാനപ്രതിഷ്ഠയായ ഹനുമാൻ സ്വാമി പടിഞ്ഞാറോട്ട് ദർശനമായിരിക്കുന്നു. ഹനുമാനോടൊപ്പം ഇവിടെ ശ്രീരാമനും പ്രതിഷ്ഠയുണ്ട്. ഉപദേവതകളായി നാഗദൈവങ്ങളും രാഘവേന്ദ്രസ്വാമികളും കുടികൊള്ളുന്നു. എറണാകുളത്തപ്പൻ ക്ഷേത്രത്തിനടുത്താണ് സ്ഥിതിചെയ്യുന്നതെങ്കിലും അതുമായി എടുത്തുപറയത്തക്ക ബന്ധമൊന്നും ഈ ക്ഷേത്രത്തിനില്ല.
സാമാന്യം വലിപ്പമുള്ള വട്ടശ്രീകോവിലാണ് എറണാകുളത്തപ്പൻ ക്ഷേത്രത്തിലേത്. ഏകദേശം നൂറടി ചുറ്റളവ് ഈ ശ്രീകോവിലിനുണ്ട്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിൻറെ മേൽക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്ത് മൂന്ന് മുറികളുണ്ട്. അവയിൽ കിഴക്കേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. രണ്ടരയടിയോളം പൊക്കമുള്ള ശിവലിംഗം പടിഞ്ഞാറോട്ട് ദർശനമായി കുടികൊള്ളുന്നു. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല എന്നിവകൊണ്ട് ശിവലിംഗത്തിൻറെ മുക്കാൽ ഭാഗവും മറഞ്ഞിരിയ്ക്കും. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് തിരുവെറണാകുളത്തപ്പൻ, ശിവലിംഗമായി ശ്രീലകത്ത് വിരാജിക്കുന്നു.
മറ്റു മഹാക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടത്തെ ശ്രീകോവിലിൽ ചിത്രശില്പകലാവൈദഗ്ദ്ധ്യത്തിൻറെ ശേഷിപ്പുകളൊന്നും തന്നെ ഏറ്റുവാങ്ങിയിട്ടില്ല. തികച്ചും ലളിതമായ നിർമ്മിതിയാണ്. സാധാരണയായി കാണാറുള്ള മിനുക്കുപണികൾ പോലും ഇവിടെയില്ലെന്നതാണ് വാസ്തവം. വടക്കുവശത്ത്, ശ്രീകോവിലിൻറെ ഓവ് മനോഹരമായി നിർമ്മിച്ചിട്ടുണ്ട്. അഭിഷേകജലം ഇതിലൂടെ ഒഴുകിപ്പോകുന്നു. ശിവക്ഷേത്രമായതിനാൽ ഓവിനപ്പുറം പ്രദക്ഷിണം പാടില്ല.
ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിക്കുന്നു. താരതമ്യേന സ്ഥലം കുറവാണ് നാലമ്പലത്തിനകത്ത്. എങ്കിലും പ്രദക്ഷിണം നിർബാധം നടത്താം. നാലമ്പലത്തിനകത്തേക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവും വാതിൽമാടങ്ങൾ കാണാം. തെക്കേ വാതിൽമാടം ഹോമങ്ങൾക്കും മറ്റും ഉപയോഗിക്കുന്നു. പ്രധാന ശ്രീകോവിലിൻറെ നേരെ വടക്കായി കിരാതമൂർത്തി കുടികൊള്ളുന്നു. ശിവഭഗവാൻറെ മറ്റൊരു ഭാവമാണ് കിരാതമൂർത്തി. അർജ്ജുനനെ പരീക്ഷിച്ച് അദ്ദേഹത്തിന് പാശുപതാസ്ത്രം നൽകിയ ഭാവത്തിലാണ് ഈ മൂർത്തി കുടികൊള്ളുന്നത്. പ്രധാന ശിവപ്രതിഷ്ഠയുടെ അതേ പ്രാധാന്യമാണ് ഇതിനും നൽകിവരുന്നത്. തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ കിണറും പണിതിട്ടുണ്ട്. തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായി ഗണപതിഭഗവാൻ കുടികൊള്ളുന്നു. സാധാരണ ക്ഷേത്രങ്ങളിലേതുപോലെയാണ് ഇവിടെയും ഗണപതിയുടെ പ്രതിഷ്ഠാരീതിയും മറ്റും.
ശ്രീകോവിലിന് ചുറ്റുമായി അകത്തെ ബലിവട്ടം പണിതിരിക്കുന്നു. അഷ്ടദിക്പാലകർ (പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ, കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി), സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ബ്രഹ്മാവ്, അനന്തൻ, ദുർഗ്ഗാദേവി, നിർമ്മാല്യധാരി (ഇവിടെ ചണ്ഡികേശ്വരൻ) എന്നിവരെ പ്രതിനിധീകരിക്കുന്ന ബലിക്കല്ലുകൾ ഇവിടെ സ്ഥിതിചെയ്യുന്നു. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകൾ ദേവൻറെ വികാരമൂർത്തികളാണെന്നാണ് വിശ്വാസം. അതിനാൽ അവയിൽ ചവിട്ടാനോ തൊട്ട് തലയിൽ വയ്ക്കാനോ പാടില്ല.
ശ്രീകോവിലിൻറെ നേരെ മുന്നിലായി ചതുരാകൃതിയിൽ നമസ്കാരമണ്ഡപം സ്ഥിതിചെയ്യുന്നു. നാലുകാലുകളോടുകൂടിയ താരതമ്യേന ചെറിയ മണ്ഡപമാണിതെന്നതിനാൽ പ്രദക്ഷിണത്തിന് നന്നേ ബുദ്ധിമുട്ടുണ്ട്. മണ്ഡപത്തിൻറെ മേൽക്കൂരയും ചെമ്പുമേഞ്ഞതാണ്. ഇതിൻറെ മുകളിലും സ്വർണ്ണത്താഴികക്കുടം കാണാം. മണ്ഡപത്തിൻറെ മച്ചിൽ ബ്രഹ്മാവിൻറെയും അഷ്ടദിക്പാലകരുടെയും രൂപങ്ങളും തൂണുകളിൽ മറ്റുചില ദേവ-ബ്രാഹ്മണരൂപങ്ങളും കാണാം. മണ്ഡപത്തിൻറെ കിഴക്കുഭാഗത്ത് ഭഗവദ്വാഹനമായ നന്ദിയുടെ ഒരു പ്രതിമയുണ്ട്. ഭക്തർ ഈ നന്ദിയുടെ ചെവിയിൽ ആഗ്രഹങ്ങൾ പറയുന്നത് സ്ഥിരം കാഴ്ചയാണ്. നന്ദിയോട് ആഗ്രഹങ്ങൾ പറഞ്ഞാൽ അദ്ദേഹം അവ ഭഗവാനോട് പറയുമെന്നാണ് വിശ്വാസം.